Thursday, 15 August 2019

ഒരു കപ്പ് ചായയ്ക്ക് എന്ത് വില

                                       ഒരു കപ്പ് ചായയ്ക്ക് എന്ത് വില 



                              നര ഇടകലർന്ന് അലസമായി നീണ്ടുകിടക്കുന്ന മുടി ,അധികമാകാത്ത വിധം വളർന്ന് നരച്ച താടി ,മെലിഞ്ഞുണങ്ങി  എല്ലു പൊന്തിയ ശരീരം,കണ്ടാൽ  അറയ്ക്കുന്ന ചെളി വിഴുങ്ങിയ നീണ്ട നഖങ്ങൾ, ഒട്ടി തൂങ്ങിക്കിടക്കുന്ന കവിളുകൾ, മുടി പോലെ നര അവശേഷിക്കുന്ന മുഷിഞ്ഞുകീറിയ വസ്ത്രങ്ങൾ.ഇടതു കാലിന് വൈകല്യമുള്ളതുകൊണ്ടാവാം ,കാൽ വലിച്ചു പതുങ്ങിയാണ് വൃദ്ധന്റെ നടപ്പ്.  ഞങ്ങളുടിടയിലേക്ക് നീങ്ങുന്ന ആ വികൃത രൂപം എന്റെ ശ്രദ്ധ കവർന്നു. പിന്നീട് ഞാൻ കണ്ട കാഴ്ച എനിക്ക് വേദനകൾക്കപ്പുറം എന്തോ പ്രദാനം ചെയ്യ്തു.
                                ഇത് കുതിച്ചു പായുന്ന മുംബൈ നഗരം. തലയെടുപ്പോടെ തലയുയർത്തി വാനംമുട്ടെ നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ.വിഷം തുപ്പി ചിലയ്ക്കുന്ന പഴഞ്ചൻ വാഹനങ്ങൾക്കിടയിൽക്കൂടി ഗാംഭീര്യം പ്രദർശിപ്പിച്ചു നീങ്ങുന്ന ആഡംബര കാറുകൾ. പട്ടിണി പാവങ്ങളും കോടീശ്വരൻമാരും ഈ പട്ടണത്തിന്റെ കൂട്ടുകാർ.പണക്കൊഴുപ്പിൻറ വാസനയും ,അഴുക്കുചാലിന്റെ ഗന്ധവും, ദാരിദ്ര്യത്തിന്റെ യാതനയും
തിങ്ങിപ്പാർക്കുന്ന ചെറ്റക്കുടിലുകളുടെ വിയർപ്പും , ഒളിച്ചോടി എത്തുന്ന ബാലൻമാരെ ഓമനിച്ചു വളർത്തുന്ന അധോലോകവും  ഈ നാടിന് ഒരുപോലെ സുപരിചിതം.
                                                ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് സമീപമുളള അച്ഛന്റെ ഓഫീസിൽ ഒരവധിക്കാലത്ത് ഞാൻ പോകാനിടയായി. ജോലിത്തിരക്കിൽ മുഴുകിയിരിക്കുന്ന അച്ഛനെ ശല്യം ചെയ്യാതെ ഒരു മൂലയിൽ എന്നെ പ്രതീക്ഷിച്ചു കിടന്ന കസേരയിൽ ഞാൻ ഒതുങ്ങിക്കൂടി.
വളെര കുറച്ചു മാത്രം സംസാരിക്കുന്ന പ്രകൃതമുള്ള  ഞാൻ ഇരുന്ന് മുഷിഞ്ഞതു കണ്ട് അച്ഛൻ വന്ന് വിളിച്ചു.


                                             പുറത്തിറങ്ങിയ നിമിഷം ഇളം തണുപ്പ് എന്നെ രൂക്ഷമായി പൊതിഞ്ഞു കെട്ടി.നല്ല കാറ്റും വീശുന്നു.അച്ഛനും ഞാനും ഒരു കപ്പ് ചായ കുടിക്കാൻ അടുത്തുള്ള ഒരു പീടികയിലേക്കു നടന്നു. എങ്ങും തിക്കും തിരക്കും , വെപ്രാളപ്പെട്ടുള്ള ജനപ്പാച്ചിൽ കണ്ടപ്പോൾ സന്ധ്യ സമയത്ത് കൂടണയാൻ പരക്കം പായുന്ന പക്ഷികളേയാണ് എനിക്ക് ഓർമ്മ വന്നത്. ചിലയ്ക്കുന്നത് മൊബൈൽ ഫോണിൽ ആണെന്നു മാത്രം. ഞങ്ങൾ പീടികയിൽ എത്തി ,രണ്ടു കപ്പ് ചായ പറഞ്ഞു. പലരും പല തരം ചായ ആവശ്യപ്പെട്ടു. സ്ട്രോങ്ങ് ടീ ,മസാല ടീ ,ബ്ലാക്ക് ടീ ,സ്പെഷ്യൽ ടീ എന്നിങ്ങനെ നിരന്നു പട്ടിക. ജോലി ഭാരങ്ങളെല്ലാം ഇറക്കിവച്ച് വിദൂരതയിലേക്കു നോക്കി തന്റെ ചായ നുണയുകയാണ് പലരും. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് എത്രയോ ചെറിയ ഗ്ളാസാണതെന്ന്. പണ്ട് നാട്ടിൽ മുത്തച്ഛന്റെ കാലത്ത് കഞ്ഞി വിളബിയിരുന്ന കുഴിയൻ തവിയിൽ ഒരു വട്ടം കഷ്ടി ഉണ്ടായിരിക്കും. അതിൽ പാതിയും ചിലർ ഉപേക്ഷിക്കുന്നു. മറ്റു ചിലർ, ഇതായിരുന്നില്ല താൻ ഉദ്ദേശിച്ചത് എന്ന ഭാവത്തിൽ ചായ പൂർത്തിയാക്കാതെ മടങ്ങി.  ഏതു പാനീയവും മുഴുവനായി കുടിക്കുന്നത് ശോഭനീയമല്ല എന്നായിരുന്നു ഒരു വിഭാഗം ആളുകൾ വിശ്വസിച്ചിരുന്നത്.അസംതൃപ്തി നിറഞ്ഞ ആ അന്തരീക്ഷം പുതയ്ക്കാൻ  തണുപ്പിന്റെ കബിളി തിടുക്കം കൂട്ടി.
                       ഏതായാലും ഞങ്ങളുടെ ചായ വന്നു. ഒരു തണുപ്പൻ  സായാഹ്നം ഊർജ്ജിതമാക്കാൻ ആരും കൊതിക്കുന്ന ഉശിരൻ ചൂടുള്ള സ്ട്രോങ് ടീ. പക്ഷെ സത്യം പറയട്ടെ, എനിക്ക് അപ്പോൾ ചായ വേണമെന്നേ ഇല്ലായിരുന്നു. അതിനൊരു  കാരണമുണ്ട്.   പാനീയങ്ങൾ   തീർത്തു കുടിക്കാൻ പലപ്പോഴും എനിക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് മാത്രമല്ല കുടിക്കാൻ യഥേഷ്ടം സമയവും എനിക്ക് ആവശ്യമായിരുന്നു. എന്നാൽ അച്ഛനാകട്ടെ എത്രയുംവേഗം ചായകുടി കഴിഞ്ഞു മടങ്ങാനിരിക്കുന്നു.അവശേഷിക്കുന്ന ചായയുമായ് ഗ്ളാസുകളോരോന്നായി പീടികാസമീപമുള്ള പാഴ്ക്കൂടയിൽ കുമിഞ്ഞുകൂടിക്കൊണ്ടിരുന്നു. ഇത്ര മേൽ  ലാഘവത്തോടെ  പാഴാക്കണമെങ്കിൽ വളെ തുച്ഛമായ വില തന്നെ എന്ന് ഞാൻ ഉറപ്പിച്ചു.  എങ്കിലും സംശയം നിവർത്തിക്കാൻ ഞാൻ അച്ഛനോടു തിരക്കി. "ഒരു ചായയ്ക്ക് എന്താണച്ഛാ വില".പീടികക്കാരന് പണം കൊടുക്കുന്ന തിരക്കിനിടയിൽ അച്ഛൻ ഒന്നും പറഞ്ഞില്ല.   വന്നു വീഴുന്ന ഓരോ കപ്പിനേയും നോക്കിനിന്നു ഞാനെന്റെ ചായ  ആസ്വദിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ആ വൃദ്ധൻ എന്റെ ശ്രദ്ധ കവർന്നത്.അവജ്ഞയോടെ തന്നെ നോക്കുന്ന കണ്ണുകളിലേക്ക്   വിരൂപനൻ തികച്ചും ദയനീയമായി നോക്കി യാചിക്കുന്ന പ്രതീതിയാണ് എനിക്ക് ഉണ്ടായത്. യാചനാഭാവം ഒരു നിമിഷം എന്നിലേക്കും പടർന്നു. ഞാൻ എന്റെ കണ്ണുകളെ മറ്റെങ്ങോട്ടോ നിയന്ത്രിച്ചു.മന്ദം അയാൾ പാഴ്ക്കൂടയെ ലക്ഷ്യമാക്കി നീങ്ങി. . പരിഷ്ക്കാരപ്രേമികളും രുചി ബോധിക്കാത്തവരും ഉപേക്ഷിച്ച കപ്പുകൾ ഓരോന്നായി അയാൾ  എടുത്തു നോക്കി, ഓരോന്നിലും അവശേഷിച്ചിരുന്ന ചായ ശ്രദ്ധിയോടെ ഒരു കപ്പിൽ പകർത്തി.അധികം വൈകാതെ കപ്പ് നിറഞ്ഞു.ഒടുവിൽ  സന്തുഷ്ടവാനായി ഒരു കപ്പ് അയാളും കുടിച്ചു. മറ്റാരുടേയെക്കയോ എച്ചിൽ, അതിൽ സ്ട്രോങ്ങ് ടീ എന്നോ സ്പെഷ്യൽ ടീ എന്നോ വിഭേചനമില്ല , വിശപ്പടക്കാനുള്ള ഒരു ദ്രാവകം മാത്രം.എച്ചിൽമിശ്രിതം കുടിച്ച്   മറ്റാരെക്കാളും സംതൃപ്തനായി വഴിയോരത്തിരക്കിനിടയിലേക്ക് അയാൾ അപ്രതീക്ഷനായി.സ്വന്തം ചായ അൽപ്പമൊന്ന് തണുത്താൽ കുടിക്കാൻ മടിക്കുന്ന നമ്മുടെ ശീലവും,    ദിനംപ്രതി തീൻമേശയിൽ  അനേകം ഭക്ഷണ പദാർഥങ്ങൾ  പാഴാക്കുന്ന നമ്മുടെ ശൈലിയും ഒരു നിമിഷം ഞാൻ  ഓർത്തു പോയി. വലിയ അന്തരവു തന്നെ.അന്ന് എന്തുകൊണ്ടോ അൽപ്പസമയത്തിനുള്ളിൽ തന്നെ എനിക്ക് ചായ കപ്പ് കാലിയാക്കാൻ സാധിച്ചു.

മടങ്ങുബോൾ അച്ഛൻ പറഞ്ഞ ചായയുടെ വില  ഞാൻ     കേട്ടില്ല , കേൾക്കാൻ സാധിച്ചില്ല എന്നതാണു ശരി. ആ വില അതെത്ര തന്നെ ആയാലും കുറവു തന്നെ. ഒരു കപ്പ് ചായയ്ക്ക് വലിയ വില ഉണ്ട് " വിശപ്പിന്റെ വില" . വിദൂരതയിലേക്കു നടന്നു മറഞ്ഞ വൃദ്ധൻ അറിഞ്ഞ നോവിന്റെ വില.












No comments:

Post a Comment